Posted on 28 August 2015 ചാവക്കാട് : മനോരോഗികള്‍ക്ക് നല്കുന്ന ഉറക്ക
ഗുളികകള്‍ മയക്കുമരുന്നായി ഉപയോഗിക്കുന്ന നാലംഗ സംഘത്തെ ചാവക്കാട് പോലീസ്
അറസ്റ്റു ചെയ്തു. സേലത്ത് സ്വാശ്രയ കോളേജില്‍ എന്ജിനിയറിങ്ങിനു പഠിക്കുന്ന
പേരകം വാഴപ്പിള്ളി സ്വദേശി ഇരുപത്തിരണ്ടുകാരനും സമപ്രായക്കാരായ ഇയാളുടെ മുന്നു
സുഹൃത്തുക്കളെയുമാണ് ചാവക്കാട് സിഐ എ.ജെ. ജോണ്സണ്, എസ്ഐ പി.ഡി. അനുപ്മോന്, എ.എസ്.ഐ .
അനില്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്. സംഘത്തില്‍ നിന്നും
നിരവധി ഗുളികകളും പോലീസ് പിടിച്ചെടുത്തു. തിരുവത്ര പുതിയറയില്‍ മൂന്നു യുവാക്കളെ
പോലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ പരിശോധനയിലാണ് ഗുളികകള്‍ കണ്ടെടുത്തത്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഗുളിക എത്തിക്കുന്നത് എന്‍ജിനിയറിങ്
വിദ്യാര്‍ഥിയാണെന്ന് സംഘം വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലീസ്
വിദ്യാര്‍ഥിയേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപ്രസോളം അടങ്ങിയ ഗുളിക
മയക്കു മരുന്നായി ഉപയോഗിക്കുന്നതായി സംഘം സമ്മതിച്ചതായി സിഐ പറഞ്ഞു. ഡോക്ടറുടെ
കുറിപ്പില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ലഭിക്കാത്ത ഇത്തരം ഗുളിക
സേലത്തു നിന്നാണ് ഇവര്‍ വാങ്ങുന്നത്. പ്രതികളുടെ രക്ഷിതാക്കളെ പോലീസ് വിളിച്ചു
വരുത്തി സംഭവത്തിന്റെ ഗൗരവം മനസിലാക്കികൊടുക്കുകയും തുടര്‍ന്ന് നാലുപേരെയും
ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. ഇത്തരം ഗുളികകള്‍ ഡോക്ടറുടെ
കുറിപ്പില്ലാതെ ആര്‍ക്കും കൊടുക്കരുതെന്ന് മെഡിക്കല്‍ ഷോപ്പുടമകള്‍ക്ക്
നിര്‍ദേശം നല്‍കിയതായി പോലീസ് അറിയിച്ചു. ഇത്തരം ഗുളികകള്‍ തീരദേശത്ത്
വ്യാപകമാണെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം
ഊര്‍ജിതമാക്കുമെന്ന് സി.ഐ. പറഞ്ഞു. സി.പി.ഒ.മാരായ ബിന്ദുരാജ്, ജിബിന്‍, സന്ദീപ്
എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. |