15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

28-08-2015 Friday

ഗുരുവായൂരപ്പസന്നിധിയില്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു

Posted on 28 August  2015
27-08-15 kazhchakula
ഗുരുവായൂര്‍: ഉത്രാടനാളില്‍ ഗുരുവായൂരപ്പസന്നിധിയില്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു. തിരുവോണ തിരുമുല്‍ക്കാഴ്ചയായി 1500ഓളം കാഴ്ചക്കുലകളാണ് ഭക്തര്‍ സമര്‍പ്പിച്ചത്. ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാവിലെ ശീവേലിക്കുശേഷം ഏഴിനു തുടങ്ങി രാത്രി വിളക്ക് കഴിഞ്ഞ്് നട അടയ്ക്കുന്നതുവരെ നേന്ത്രക്കുലകളുമായി ഭക്തര്‍ എത്തിക്കൊണ്ടിരുന്നു. വെള്ളിയാഴ്ച തിരുവോണനാളിലും കാഴ്ചക്കുലകള്‍ ഭക്തര്‍ സമര്‍പ്പിക്കും.
കൊടിമരച്ചുവട്ടില്‍ അരിമാവ് അണിഞ്ഞ്, നെയ്‌വിളക്ക് തെളിയിച്ച്, വിഘ്‌നേശ്വരന് നാളികേരം സമര്‍പ്പിച്ചതിനു ശേഷമായിരുന്നു കാഴ്ചക്കുലകളുടെ സമര്‍പ്പണം തുടങ്ങിയത്. കഴകം ആനന്ദന്‍ വെള്ളി കുത്തുവിളക്ക് പിടിച്ചു. ശശിമാരാര്‍ ശംഖ് വിളിച്ചതോടെ മേല്‍ശാന്തി ശ്രീഹരി നമ്പൂതിരി ഗുരുവായൂരപ്പനെ വണങ്ങി ആദ്യത്തെ കാഴ്ചക്കുല നെടുനാക്കിലയില്‍ സമര്‍പ്പിച്ചു.
ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കീഴ്ശാന്തിക്കാര്‍, മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍, ദേവസ്വം ചെയര്‍മാന്‍ ടി .വി. ചന്ദ്രമോഹന്‍, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചപ്പോഴേയ്ക്കും ഭക്തരുടെ തിരക്കായി.
ലഭിച്ച കുലകളില്‍ ഒരുഭാഗം തിരുവോണസദ്യയ്ക്ക് പഴപ്രഥമന്‍ തയ്യാറാക്കാന്‍ മാറ്റിവെച്ചു. ഒരുഭാഗം പഴംനുറുക്കിനും. 120ഓളം കുലകള്‍ ദേവസ്വത്തിലെ ആനകള്‍ക്ക് നല്‍കി. ബാക്കി ലേലംചെയ്തു. വൈകുന്നേരംവരെ ലേലംചെയ്ത വകയില്‍ രണ്ട് ലക്ഷത്തോളം രൂപ ലഭിച്ചു. ഇനിയും ലേലം ചെയ്യാനുണ്ട്. തിരുവോണഭാഗമായി നടന്ന തോട്ടം ശ്യാം നമ്പൂതിരിയുടെ നാരായണീയസപ്താഹം ഉത്രാടനാളില്‍ സമാപിച്ചു. വെള്ളിയാഴ്ച തിരുവോണനാളില്‍ പുലര്‍ച്ചെ ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പിക്കല്‍ ചടങ്ങിന് ഊരാളന്‍ തുടക്കം കുറിക്കും. ഗുരുവായൂരപ്പന് നമസ്‌കാരസദ്യ, ഭക്തര്‍ക്ക് ഓണസദ്യ, രണ്ടുനേരം മേളത്തോടെ കാഴ്ചശ്ശീവേലി, രാത്രി ചുറ്റുവിളക്ക് എന്നിവയോടെ ക്ഷേത്രത്തില്‍ തിരുവോണം ആഘോഷിക്കും..