അകലാട് റോഡരികില്‍ ഉപേക്ഷിച്ച ബൈക്കിനുള്ളില്നിന്ന് 750ഗ്രാം കഞ്ചാവ് എക്സൈസ് ഇന്റലിജന്‍സ്
വിഭാഗം പിടികൂടി. ബൈക്കിന്റെ ബാറ്ററി എടുത്തുമാറ്റിയ ശേഷം അതിനകത്താണ് കഞ്ചാവ്
സൂക്ഷിച്ചിരുന്നത്. പടിഞ്ഞാറേതില്‍ ഫൈസു എന്ന ഷിഹാബാണ് ഈ ബൈക്ക് ഉപയോഗിച്ചിരുന്നതെന്ന്
വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.
ക്രിമിനല്‍ കേസിലെ പ്രതി കൂടിയായ ഷിഹാബിനെ കഴിഞ്ഞദിവസം പോലീസ് അന്വേഷിച്ച്
എത്തിയപ്പോള്‍ ഇയാള്‍ കടലില്‍ ചാടി രക്ഷപ്പെട്ടിരുന്നു. തീരദേശ മേഖലയിലെ മയക്കുമരുന്ന് ക്വട്ടേഷന്‍
സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് എക്സൈസ് ഇന്റലിജന്‍സ് വിഭാഗം പറഞ്ഞു. ജൂണില്‍ അകലാട്
പെട്രോള്‍പമ്പ് പരിസരത്തുനിന്ന് മൂന്നര കിലോഗ്രാം കഞ്ചാവ് സഹിതം ബൈക്ക് കുന്നംകുളം എക്സൈസ്
പിടികൂടിയിരുന്നു. ഈ കേസിലെ പ്രതിയായ അകലാട് പടിഞ്ഞാറെയില്‍ അഷ്റഫിനെ ഈമാസം നാലിന്
എക്സൈസ് വിഭാഗം പിടികൂടി. ഇയാളുടെ വീടിന് പരിസരത്തുനിന്നാണ് ബൈക്ക് ലഭിച്ചത്.
തീരദേശമേഖലയിലേയ്ക്ക് അട്ടപ്പാടി, അഗളി, ഇടുക്കി എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ്
എത്തുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്. വാടാനപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.എസ്.
സജി, തൃശ്ശൂര്‍ എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ ടൈറ്റസ്, തൃശ്ശൂര്‍ എക്സൈസ് ഇന്റലിജന്‍സ്
അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍മാരായ കെ.എം. അബ്ദുള്‍ ജമാല്‍, കെ.ജി. ജയചന്ദ്രന്, പ്രിവന്റീവ്
ഓഫീസര്‍മാരായ സി.ജെ. രഞ്ജിത്ത്, കെ.ബി. സുനില്‍, ടി.എല്‍. വിന്‍സന്റ്, ആര്. ബിനോയ്, സി.ഐ.
രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.