chavakkadonline logo
chavakkadonlinemalayalamtext

if you have any problem to read for Pc click here for Mac click here

updated on 13-06-2012 Wednesday

chavakkadonline

since 1999

powered by s marakkar

follow_us_facebook

follow us on facebook

Home

പാലയൂര്‍ ചര്‍ച്ച് - സുന്ദര ഭാഷയിലൊരു സ്ലീവ

 കര്‍ക്കിടക സംക്രമപ്പുലരിയില്‍ ഈറനണിഞ്ഞു നില്‍ക്കുന്ന പ്രകൃതിരമണീയമായ പാലയൂര്‍ ഗ്രാമം. ഗ്രാമത്തിന്‍റെ സ്നാനഘട്ടമായ തളിയക്കുളത്തില്‍ ഗ്രാമവാസികളുടെ പ്രഭാതസ്നാനം. കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്ത് അവര്‍ തര്‍പ്പണകര്‍മ്മവും നടത്തുന്നുണ്ട്. അധരങ്ങളില്‍ പ്രാര്‍ത്ഥനാമന്ത്രം അകതാരില്‍ ദേവപ്രീതിയുടെ നിര്‍വൃതി. അപ്പോള്‍ കുളക്കടവില്‍ വന്നുനില്‍ക്കുന്നു ഒരു പരദേശി. വെളുത്ത് ചുവന്ന ശരീരം. കണ്ണുകളില്‍ ശാന്തിയുടെ തിളക്കം. താടിമീശ വളര്‍ത്തിയിട്ടുണ്ട്. കണങ്കാല്‍ വരെ നീണ്ടുകിടക്കുന്ന ഉടുപ്പ്. അരയില്‍ കെട്ട്. ഉടുപ്പിന് പുറമെ  മേലങ്കി. കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്നു ഒരു കുരിശ്. ആകപ്പാടെ പുതുമയുള്ള രൂപവും ഭാവവും. ഗ്രാമവാസികള്‍ അന്തംവിട്ടു നിന്നു. പരദേശിയുടെ പുഞ്ചിരി അവരെ ആകര്‍ഷിച്ചു. അവര്‍ അദ്ധേഹത്തെ ഉറ്റുനോക്കി നിന്നു. യേശുവിന്‍റെ സുവിശേഷം- സ്നേഹത്തിന്‍റെ സന്ദേശം- അവരെ അദ്ദേഹം അറിയിച്ചു. പക്ഷെ, അവര്‍ക്കൊന്നും മനസിലായില്ല. ഒരു അത്ഭുതത്തിലൂടെ ഗ്രാമവാസികളുടെ മനം കവരാന്‍ പരദേശി നിശ്ചയിച്ചു. തര്‍പ്പണകര്‍മ്മം ചെയ്യുന്ന ഗ്രാമവാസികളോട് അദ്ദേഹം ചോദിച്ചു. "നിങ്ങള്‍ എന്ത് കര്‍മ്മമാണ് ചെയ്യുന്നത്? "ദേവപ്രീതിക്കായി ജലതര്‍പ്പണം നടത്തുകയാണ്." അവര്‍ മറുപടി പറഞ്ഞു. "പക്ഷേ, ദേവന്‍ അത് സ്വീകരികുന്നില്ലല്ലോ. തര്‍പ്പണം ചെയ്യുന്ന ജലം താഴോട്ടുതന്നെ വീഴുന്നു." - പരദേശി. "അത് പിന്നെ വീഴാതിരിക്കുമോ; ജലമല്ലേ." അവര്‍ ഒന്നിച്ച് പറഞ്ഞു. "ഞാന്‍ തര്‍പ്പണം ചെയ്യുന്ന ജലം എന്‍റെ ദൈവം സ്വീകരിക്കും" പരദേശി. എന്നാല്‍ കാണട്ടെ എന്നായി അവര്‍. ഗ്രാമവാസികള്‍ ഒരു വാഗ്ദാനം കൂടി നല്‍കി; അങ്ങനെ സംഭവിച്ചാല്‍ താങ്കളുടെ ദൈവത്തില്‍ ഞങ്ങളും വിശ്വസിക്കാം." ഉടനെ പരദേശി കുളത്തിലിറങ്ങി. ആകാശത്തേക്ക്‌ കണ്ണുകള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. പിന്നെ കൈകുമ്പിളില്‍ വെള്ളം കോരിയെടുത്ത് തര്‍പ്പണം നടത്തി. അവിടെ ഒരു അത്ഭുതം സംഭവിക്കുകയായിരുന്നു. നീലാകാശത്തില്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍ പോലെ വെള്ളത്തുള്ളികള്‍ അന്തരീക്ഷത്തില്‍ നിശ്ചലമായി നിന്നു; അല്പനേരം കഴിഞ്ഞ് മാഞ്ഞുപോയി. ഗ്രാമവാസികള്‍ അത്ഭുത പരതന്ത്രരായി നിലകൊണ്ടു. അവരില്‍ ഭൂരിഭാഗവും അപ്പോള്‍തന്നെ പരദേശിയുടെ മതം സ്വീകരിച്ചു. യേശുക്രിസ്തുവിന്‍റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാളായ മാര്‍തോമാശ്ലീഹാ എ.ഡി. 52ല്‍ ഭാരതത്തില്‍ ക്രിസ്തുമതത്തിനു തുടക്കം കുറിച്ചതിന്‍റെ പുരാവൃത്തമാണിത്. തോമാശ്ലീഹാ പാലയൂരില്‍ ഏകദേശം ഒരു വര്‍ഷത്തോളം താമസിച്ചുകൊണ്ടാണ് തന്‍റെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌.
പാലൂര്‍-പാലൈയൂര്‍- പാലയൂര്‍
 തൃശ്ശൂര്‍ ജില്ലയില്‍ ചാവക്കാട് താലൂക്കില്‍ അറബിക്കടലിനു സമീപമുള്ള പാലയൂരിന്‍റെ ആദ്യനാമം 'പാലൂര്‍' എന്നായിരുന്നു. പാലയൂരിലെ തളിയക്കുളത്തില്‍ തോമാശ്ലീഹായുടെ അത്ഭുതപ്രവര്‍ത്തനം കണ്ടവരില്‍ ഭൂരിഭാഗംപേരും അപ്പോള്‍തന്നെ ക്രിസ്തുമതം സ്വീകരിച്ചു. കുറച്ചുപേര്‍ 'ഇനിയത്തെ കുളി വെന്മേനാട്ട്' എന്ന് പറഞ്ഞുകൊണ്ട് നാടുവിട്ടുപോയി. ഈ നാട് കാടായി നശിച്ചുപോകട്ടെ എന്നും അവര്‍ ശപിച്ചത്രേ. അങ്ങനെ ഈ പ്രദേശം 'ശാപക്കാട്‌'എന്നപേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ശാപക്കാട് പിന്നീട് 'ചാവക്കാട്' ആയിമാറി. ചാവക്കാടായ പാലയൂരിന് തൊട്ടടുത്തുള്ള 'കൂട്ടുങ്ങല്‍ എന്ന പ്രദേശം ബ്രിട്ടീഷുക്കാരുടെ കാലത്ത്‌ മലബാര്‍ കലക്ടറായിരുന്ന കനോലി 1848ല്‍ കനോലി കനാല്‍ തുറന്നതോടെ ഒരു വാണിജ്യകേന്ദ്രമായി വളരുവാന്‍ തുടങ്ങി. കൊച്ചി മുതല്‍ കോഴിക്കോട്‌ വരെ ജലമാര്‍ഗം ചരക്ക് ഗതാഗതമുണ്ടായിരുന്ന കനോലി കനാലില്‍ കൂട്ടുങ്ങല്‍ ഒരു ഇടത്താവളമായിരുന്നു. തന്മൂലം അവിടെ കടകമ്പോളങ്ങള്‍ വര്‍ദ്ധിക്കുകയും ഒരു പട്ടണരീതി ഉണ്ടാകുകയും ചെയ്തു. ക്രമേണ ചാവക്കാട് താലൂക്ക് ഓഫീസും അവിടെ സ്ഥാപിക്കപ്പെട്ടു. പാലയൂരിന് വീണുകിട്ടിയ 'ചാവക്കാട്' എന്ന നാമം അങ്ങനെ കൂട്ടുങ്ങല്‍ എന്ന പ്രദേശത്തിന്‍റെതായി മാറി. പാലയൂര്‍ അതിന്‍റെ പഴയ പേരില്‍ തന്നെ നിലനില്‍ക്കുകയും ചെയ്തു. ഇന്ന് പാലയൂരും ചാവക്കാടും തൊട്ടടുത്ത രണ്ട് പ്രദേശങ്ങളാണ്. ചാവക്കാട് മുനിസിപ്പാലിറ്റിയില്‍പെട്ട ഒരു പ്രദേശമാണ് പാലയൂര്‍.
ജൂദന്‍ ബസാര്‍
ക്രിസ്തുവിനു മുന്‍പ് ആറാം നൂറ്റാണ്ടില്‍ തന്നെ ജൂദന്‍മാര്‍ കേരളത്തില്‍ അധിവാസമുറപ്പിച്ചിരുന്നു. മേദോ-പേര്‍ഷ്യന്‍ രാജാവായിരുന്ന സൈറസിന്‍റെ ജൂദമര്‍ദ്ദനത്തില്‍നിന്നും മോചനം പ്രാപിക്കാനായി കുടിയേറി പാര്‍ത്തവരാണവര്‍. കേരളത്തില്‍ ജൂദന്മാരുടെ അധിവാസകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു പാലയൂരിലെ ജൂദന്‍ കുന്ന്. അവരുടെ ഒരു സിനഗോഗും പാലയൂരില്‍ ഉണ്ടായിരുന്നു. തന്‍റെ വംശജരായ ജൂദന്‍മാരുടെ അധിവാസകേന്ദ്രമായതുകൊണ്ടാവാം തോമാശ്ലീഹാ പാലയൂരിലേക്ക് വരുവാനിടയായത്‌. ശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനത്തിന്‍റെ ഫലമായി പാലയൂരിലെ ജൂദന്മാരില്‍ കുറെപേരും ക്രിസ്ത്യാനികളായി. ശേഷിച്ചവര്‍ ക്രമേണ സ്ഥലം വിടുകയും ചെയ്തു. ജൂദന്മാരും അവരുടെ സിനഗോഗും ഇപ്പോള്‍ പാലയൂരില്‍ ഇല്ലെങ്കിലും ഇപ്പോള്‍ 'ജൂദന്‍ ബസാര്‍' എന്ന പേരില്‍ ഒരു ബസാര്‍ ഇന്നും ഇവിടെയുണ്ട്. കാലാന്തരത്തില്‍ കുന്ന് ഇല്ലാതായപ്പോള്‍ ജൂദന്‍കുന്ന് ജൂദന്‍ ബസാറായി മാറി. ജൂദന്‍കുന്നത്തായിരുന്നു പുരാതനക്കാലത്തെ പാലയൂര്‍ അങ്ങാടി. കുന്നത്തുള്ള അങ്ങാടിയുടെ താഴത്തുള്ള ഭാഗത്തിന് 'അങ്ങാടിത്താഴം' എന്ന പേര് ഇന്നും നിലനില്‍ക്കുന്നു. ജൂദന്‍ബസാറില്‍ ഈയിടെ ഒരു ജൂദസ്ഥാപകം പണിക്കഴിപ്പിച്ചിട്ടുണ്ട്.
 കൊടുങ്ങല്ലൂര്‍ (മാല്യങ്കര), കൊല്ലം.കോക്കമംഗലം, നിരണം, നിലയ്ക്കല്‍ (ചായല്‍), പറവൂര്‍ (കോട്ടക്കാവ്), പാലയൂര്‍ എന്നിങ്ങനെ ഏഴുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്കൊണ്ടാണ് തോമാശ്ലീഹാ കേരളത്തില്‍ തന്‍റെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ നടത്തിയത്‌. ഈ ഏഴ് സ്ഥലങ്ങളില്‍ ശ്ലീഹാ ക്രൈസ്തവ സമൂഹങ്ങള്‍ രൂപീകരിക്കുകയും അവര്‍ക്ക്‌ വന്ദിക്കുവാനായി കുരിശുകള്‍ സ്ഥാപിക്കുകയും ചെയ്തു. തോമാശ്ലീഹാ അടിത്തറയിട്ട കേരളക്രൈസ്തവസഭയ്ക്ക് ശരിയായ ഒരു ഭരണക്രമം ഉണ്ടാക്കുക കൂടി ചെയ്തിട്ടാണ് ശ്ലീഹാ കേരളം വിട്ടത്‌.
പുതിയരൂപവും ഭാവവും
 1948-54കാലങ്ങളില്‍ ബഹു.ജി.എഫ്. ചൂണ്ടല്‍ അച്ഛന്‍ വികാരിയായിരുന്നപ്പോഴാണ് പാലയൂര്‍ പള്ളിക്ക്‌ പുതിയരൂപവും ഭാവവും ഉണ്ടായത്‌. 1948വരെ പാലയൂര്‍ പള്ളി അറിയപ്പെട്ടിരുന്നതും പ്രധാനതിരുന്നാള്‍ ആഘോഷിച്ചിരുന്നതും വിശുദ്ധ കുര്യാക്കോസ് സഹദായുടെ പേരിലായിരുന്നു. പള്ളിയുടെ സ്ഥാപകനായതോമാശ്ലീഹായുടെ പേരില്‍ തന്നെ പള്ളി അറിയപ്പെടുകയും തിരുന്നാള്‍ ആഘോഷിക്കപ്പെടുകയും വേണമെന്നുള്ള ചൂണ്ടലച്ചന്‍റെ ദീര്‍ഘവീക്ഷണം പരക്കെ അംഗീകരിക്കപ്പെട്ടു. 1949മുതല്‍ തൃശ്ശൂര്‍ രൂപതാ ഡയറക്ടറിയില്‍ പാലയൂര്‍ സെന്‍റ് തോമസ്‌ പള്ളി എന്ന് ചേര്‍ക്കുവാനും ജൂലൈ പതിനഞ്ചിലെ പ്രധാന തിരുന്നാല്‍ തോമാശ്ലീഹായുടെ പേരില്‍ ആഘോഷിക്കുവാനും മുന്‍കൈയെടുത്തത് ചൂണ്ടലച്ചനായിരുന്നു. തോമാശ്ലീഹായുടെ തിരുനാളുകള്‍ തിരുസഭയില്‍ ആഘോഷിക്കുന്നത് രണ്ട് നാളുകളിലാണ് ഒന്ന്: ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ചയിലെ പുതു ഞായര്‍ തിരുനാള്‍. രണ്ട്: ജൂലൈ മൂന്നിലെ ദുക്റാന തിരുനാള്‍. ഈ രണ്ട് തിരുനാളുകള്‍ക്ക് പുറമേ ജൂലൈ 15ന് തോമാശ്ലീഹായുടെ തിരുനാള്‍ ആഘോഷിക്കുന്നത് പാലയൂര്‍ പള്ളിയില്‍ മാത്രമാണ്. തോമാശ്ലീഹാ പാലയൂരിലെ തളിയക്കുളത്തില്‍ പൂര്‍വ്വികരെ മാമ്മോദീസ മുക്കിയത് കര്‍ക്കിടക സംക്രമ നാളിലായിരുന്നു എന്ന പാരമ്പര്യവിശ്വാസമാണ് ഈ തിരുന്നാളാഘോഷത്തിന്‍റെ അടിസ്ഥാനം. 1949ജൂലൈ15ന് തോമാശ്ലീഹായുടെ പേരില്‍ ആദ്യമായി ആഘോഷിക്കപ്പെട്ട പ്രധാന തിരുന്നാളില്‍ പ്രഭാഷണം നടത്തുവാന്‍ സഭാചരിത്ര പണ്ഡിതനായ ബഹു. പ്ലാസിഡ് പൊടിപാറ അച്ഛനെയാണ് ചൂണ്ടലച്ചന്‍ ക്ഷണിച്ചുവരുത്തിയത്. വിശുദ്ധ കുര്യാക്കോസ് സഹദായുടെ പള്ളി എന്ന അവസ്ഥയില്‍നിന്നും മാര്‍തോമാശ്ലീഹായുടെ പള്ളി എന്ന അവസ്ഥയിലേക്ക്‌ പാലയൂര്‍ പള്ളി മാറ്റുന്നതിന് ചൂണ്ടലച്ചന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കഴിഞ്ഞു. അങ്ങനെ പാലയൂര്‍ പള്ളിക്ക്‌ പുതിയ ഭാവം പകര്‍ന്ന ചൂണ്ടലച്ചന്‍ പുതിയ രൂപവും നല്‍കി.
പത്തൊന്‍പതാം ചരമശതാബ്ദി ആഘോഷം
 1972ല്‍ തോമാശ്ലീഹായുടെ പത്തൊന്‍പതാം ചരമശതാബ്ദി ഇന്ത്യയില്‍ ആചരിക്കയുണ്ടായി. തല്‍സംബന്ധമായുള്ള തൃശ്ശൂര്‍ രൂപതയുടെ പരിപാടികള്‍ ഡിസംബര്‍ 16,17,18 തിയ്യതികളില്‍ പാലയൂര്‍ പള്ളിയിലാണ് നടത്തപ്പെട്ടത്. ഏറണാകുളം ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോസഫ്‌ പാറേക്കാട്ടില്‍, തിരുവനന്തപ്പുരം ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ്, തൃശ്ശൂര്‍ ബിഷപ്പ്മാര്‍ ജോസഫ്‌ കുണ്ടുക്കുളം, മുന്‍ തൃശ്ശൂര്‍ ബിഷപ്പ്‌മാര്‍ ജോര്‍ജ്‌ ആലപ്പാട്ട്,സാഗാര്‍ എക്സാര്‍ക്ക്‌ മോണ്‍. ക്ലമന്‍റ് തോട്ടുങ്ങല്‍ (ഇദ്ധേഹം പിന്നീട് സാഗാര്‍ രൂപതയുടെ പ്രഥമ മൈത്രാനായി), കല്‍ദായ മെത്രാപ്പോലീത്തമാര്‍ അപ്രേം, മലബാര്‍ സ്വതന്ത്ര സുറിയാനി സഭാധ്യക്ഷന്‍ പൗലോസ് മാര്‍ പീലക്സിനോസ് (ഇദ്ദേഹം പിന്നീട് കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു ചായല്‍ സ്ഥാനിക മെത്രാനായി) തൃശ്ശൂര്‍ രൂപതാ വികാരി ജനറാള്‍ മോണ്‍.സഖറിയാസ്‌ വാഴപ്പിള്ളി (ഇദ്ദേഹം 1941ല്‍ പാലയൂര്‍ പള്ളി സഹായ വികാരിയായിരുന്നു. പുരോഹിതപട്ടം സ്വീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ നിയമനം), ഷെവ. ജോര്‍ജ്ജ് വര്‍ഗീസ്‌ കണ്ണന്താനം, ശ്രീ.സിദ്ധിനാഥാനന്ദ സ്വാമികള്‍, ചാവക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. പി.പി. സെയ്തുമുഹമ്മദ് സാഹിബ്, ശ്രീമതി ആനി തയ്യില്‍ തുടങ്ങിയ വിശിഷ്ടവ്യക്തികള്‍ മൂന്നുദിവസത്തെ വിവിധപരിപാടികളിലായി പങ്കെടുത്തു. ഒന്നാം നൂറ്റാണ്ടില്‍ സ്ഥാപിതമായ പാലയൂര്‍ പള്ളി തോമാശ്ലീഹായുടെ ഒരു പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായിട്ടാണ് അറിയപ്പെടുന്നതെങ്കിലും ഈ ശതാബ്ധിയോടനുബന്ധിച്ചു തൃശ്ശൂര്‍ ബിഷപ്പ്‌ മാര്‍ ജോസഫ്‌ കുണ്ടുക്കുളം 1724/72 നമ്പര്‍ കല്പന പ്രകാരം പാലയൂര്‍ പള്ളിയെ പ്രാദേശികതീര്‍ത്ഥകേന്ദ്ര പദവിയിലേക്ക്‌ഔദ്യോഗികമായി ഉയര്‍ത്തുകയുണ്ടായി.
വികസന പദ്ധതികള്‍
 പാലയൂര്‍ പള്ളി ഒരു പില്‍ ഗ്രിം- ടൂറിസ്റ്റ്‌ സെന്‍റര്‍ എന്നാ നിലയില്‍ വളര്‍ത്തിയ്യെടുക്കുവാന്‍ സംഘടിതമായ ആസൂത്രിത വികസനപ്രവര്‍ത്തനങ്ങള്‍ ആദ്യമായി നടന്നത് 1974മുതല്‍ 1979വരെ വികാരിയായിരുന്ന ബഹു. ജേക്കബ്‌ മാഞ്ഞുരാനച്ചന്‍റെ നേതൃത്വത്തിലാണ്. പാലയൂര്‍ പള്ളിയുടെ പ്രസക്തിയും പ്രാധാന്യവും നിലനിര്‍ത്തുന്നത് തോമാശ്ലീഹാ തര്‍പ്പണാത്ഭുതവും ചെയ്ത് പൂര്‍വ്വികരെ മാമ്മോദീസ മുക്കിയ തളിയക്കുളമാണ്. തളിയക്കുളത്തിന്‍റെ പരിശുദ്ധിയും പ്രൌഡിയും ആകര്‍ഷണീയതയും വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു കമ്മിറ്റിയുടെ ആദ്യത്തെ പ്രവര്‍ത്തനം.
  പാലയൂര്‍ പള്ളിയിലെ പ്രധാന ആഘോഷങ്ങളും ആചരണങ്ങളും
1. വിഭൂതിനാളില്‍ വ്രതാരംഭ കൂട്ടായ്മ
2. വ്രതാരംഭ കൂട്ടായ്മ ദിവസം മുതല്‍ പാലയൂര്‍ മഹാതീര്‍ത്ഥാടനദിവസം വരെ ഒരു മാസത്തെ ഏകദിന ഉപവാസപ്രാര്‍ത്ഥന കൂട്ടായ്മകളും വെള്ളിയാഴ്ച്ചകളിലെ ജാഗരണതീര്‍ത്ഥാടന പദയാത്രകളും
3. ഓശാന ഞായറിന്‍റെ തലേ ഞായറാഴ്ച്ച പാലയൂര്‍ മഹാതീര്‍ത്ഥാടനവും അതിന് തൊട്ടുമുമ്പുള്ള നാല് ദിവസങ്ങളില്‍ ബൈബിള്‍ കണ്‍വെന്‍ഷനും
4. ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ഞായറാഴ്ച്ച പുതുഞായര്‍ തിരുനാള്‍
5. പെന്തക്കുസ്ത നാളില്‍ കുട്ടികളെ എഴുത്തിനിരുത്തല്‍
6. ജൂലൈ മൂന്നിന് ദുക്റാന ഊട്ട് തിരുനാള്‍ ആഘോഷം
7. ജൂലൈ 14,15 തിയ്യതികളില്‍ മുഖ്യ ആഘോഷമായ തര്‍പ്പണതിരുനാള്‍ ആഘോഷം
8.എല്ലാ മാസവും പത്താം തിയ്യതി കഴിഞ്ഞുവരുന്ന ഞായറാഴ്ച 'മുപ്പിട്ടു ഞായര്‍' തിരുനാള്‍ ആഘോഷം. ഈ ദിവസത്തില്‍ നേര്‍ക്കഞ്ഞി വിതരണം, ശിശുക്കള്‍ക്ക് ആദ്യ ചോറൂണ്, അടിമയിരുത്തല്‍, തളിയക്കുളത്തില്‍ സമൂഹമാമ്മോദീസ എന്നിവയും ഉണ്ടായിരിക്കും.
9.എല്ലാ ചൊവ്വാഴ്ചകളിലും രാവിലെയും വൈകീട്ടും കുര്‍ബാന, നൊവേന, ലദീഞ്ഞ്, തിരിപ്രദക്ഷിണം
 പാലയൂര്‍ പള്ളിയില്‍ വരുന്നവര്‍ക്ക് കാണാവുന്ന പ്രധാനദൃശ്യങ്ങള്‍
1. തോമാശ്ലീഹാ ജലമാര്‍ഗ്ഗം പാലയൂരില്‍ വന്നിറങ്ങിയ സ്ഥലത്തുള്ള ബോട്ടുകുളം
2.തോമാശ്ലീഹാ തര്‍പ്പണാത്ഭുതം നടത്തി പൂര്‍വ്വികരെ മാമ്മോദീസ മുക്കിയ തളിയക്കുളവും മാമ്മോദീസശില്പവും
3. തോമാശ്ലീഹാ കുരിശ് നാട്ടിയ സ്ഥലത്ത് പില്‍ക്കാലത്ത്‌ പണിയിച്ച കല്‍ക്കുരിശും കല്‍വിളക്കുകളും
4. പ്രാചീന ദൈവാലയത്തിന്‍റെ ഭൂഗര്‍ഭാവശിഷ്ടങ്ങള്‍
5. ഭാരത ക്രൈസ്തവ ചരിത്ര-സാംസ്ക്കാരിക മ്യൂസിയം.
6. ലോകത്തിലെ ഏറ്റവും വലിയ മാര്‍തോമാ ശില്‍പം (45 അടി)
7. തോമാശ്ലീഹാ താമസിച്ച ജൂദന്‍ ബസാറിലെ ജൂദസ്മാരകം
8. പരിശുദ്ധ കന്യകാമറിയത്തിന്‍റെ ഭാരതീയ സങ്കല്‍പ്പത്തിലുള്ള ശില്‍പം
9. തോമാശ്ലീഹായുടെ ജീവിതരംഗങ്ങള്‍ കരിങ്കല്ലില്‍ കൊത്തി പതിനാല് സ്തൂപങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള മാര്‍തോമാ പാത (പള്ളി നട)
10. മൈലാപ്പൂരിലെ ചിന്നമലയുടെ മാതൃകയില്‍ തോമാശ്ലീഹായുടെ അന്ത്യരംഗങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള രക്തസാക്ഷി മണ്ഡപം.
മാര്‍ഗ്ഗ സൂചന
1. ബസ്‌ മാര്‍ഗ്ഗം
A. വടക്കുനിന്ന്:
     കോഴിക്കോട്‌- കുന്നംകുളം- ചാവക്കാട്- പാലയൂര്‍
B. തെക്കുനിന്ന്:
     ഏറണാകുളം- കൊടുങ്ങല്ലൂര്‍- ചാവക്കാട്- പാലയൂര്‍
C. കിഴക്കുനിന്ന്:
      1. തൃശ്ശൂര്‍- കാഞ്ഞാണി- ഏനാമ്മാവ്- പാലയൂര്‍
       2. തൃശ്ശൂര്‍- പറപ്പൂര്‍- പാവറട്ടി- പാലയൂര്‍
       3. തൃശ്ശൂര്‍- ചൂണ്ടല്‍- ഗുരുവായൂര്‍- പാലയൂര്‍
2. അടുത്തുള്ള റെയില്‍വേസ്റ്റേഷനുകള്‍
A. ഗുരുവായൂര്‍ (പാലയൂരില്‍ നിന്ന് 3കി.മീറ്റര്‍ ദൂരം)
B.തൃശ്ശൂര്‍ (പാലയൂരില്‍ നിന്ന് 25കി.മീറ്റര്‍ ദൂരം)
3. അടുത്തുള്ള എയര്‍പോര്‍ട്ടുകള്‍
A.കരിപ്പൂര്‍ (പാലയൂരില്‍ നിന്ന് 80കി. മീറ്റര്‍ ദൂരം)
B.നെടുമ്പാശ്ശേരി (പാലയൂരില്‍ നിന്ന് 90കി.മീറ്റര്‍ ദൂരം)
 പാലയൂര്‍ പള്ളിയുമായി ബന്ധപ്പെടാനുള്ള മേല്‍വിലാസം
     റെക്ടര്‍,
മാര്‍തോമ തീര്‍ത്ഥകേന്ദ്രം
പാലയൂര്‍, തൃശ്ശൂര്‍- 680506
ഫോണ്‍ : 0487-2556978. 
                                                                                             
                          

for more details about St.Thomas

stthomas

തോമാസ് സ്ലീഹ

palayoor cross

തോമാസ് സ്ലീഹ സ്ഥാപിച്ച കുരിശ്

palayooralthara

പാലയൂര്‍ പള്ളി അള്‍ത്താര

pondpalayoor

തളിയക്കുളം

tharpanam

മാമോദീസ ശില്‍പം