ചാവക്കാട്: മണത്തല ചന്ദനക്കുടം നേര്‍ച്ച ആദ്യകാഴ്ച പുറപ്പെട്ടു. ഇനി
രണ്ടുനാള്‍ ചാവക്കാട് ഉത്സവലഹരിയില്‍. തിരുവത്ര, ബ്ലാങ്ങാട്, ചാവക്കാട്
മേഖലയില്‍ നാട്ടു വഴികളില്‍ ആനകളുടെ ചങ്ങലക്കിലുക്കം. സാമൂതിരി രാജാവിന്‍റെ
പടത്തലവനായിരുന്ന നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പര്‍
നാടിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചതിന്‍റെ സ്മരണയിലാണ് മണത്തല നേര്‍ച്ച
ആഘോഷിക്കുന്നത്. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന കാഴ്ചകള്‍ക്ക് തുടക്കം കുറിച്ച്
ഇന്ന്‍ രാവിലെ 7.30ന് ചാവക്കാട് സെന്‍ററില്‍ നിന്നും പ്രജ്യോതി യുടെ ആദ്യകാഴ്ച
പുറപ്പെട്ടു. ചാവക്കാട് നഗരം ചുറ്റി പുതിയ പാലം വഴി 9.30 ന് മണത്തല ജാറം അങ്കണത്തില്‍
എത്തിച്ചേര്‍ന്നു. ആന, വാദ്യമേളങ്ങളോടെ പുറപ്പെട്ട ആദ്യ കാഴ്ചയുടെ വരവറിയിച്ച്
പാലക്കാട് ബദരിയ മുട്ടുംവിളി മുഹമ്മദ് ഹുസൈന്‍ ഉസ്താദും സംഘവും
അകമ്പടിയായി. കണ്ണിക്കുത്തിയില്‍ നിന്നുള്ള റെഡ്‌പവര്‍ സ്മാര്‍ട്ട് കാഴ്ച,
ഒറ്റതെങ്ങില്‍ നിന്നുള്ള ഒയാസ്കോ ക്ലബ്ബിന്‍റെ മതസൌഹാര്‍ദ കാഴ്ച, പുന്നയില്‍
നിന്നുള്ള ഗ്രാമവേദിയുടെ സൌഹാര്‍ദ കാഴ്ച, കടപ്പുറം അലയന്‍സ് കാഴ്ച, കാട്ടില്‍
മുഹമ്മദന്‍സ് സ്നേഹോത്സവ കാഴ്ച, മണത്തല വോള്‍ഗ കാഴ്ച, മണത്തല പളിത്താഴം ടീം ഓഫ്
റോഡീസിന്‍റെ കാഴ്ച, തിരുവത്ര കെയര്‍ ബോയ്സ് കാഴ്ച, എച്ച് എം സി ഓട്ടോ ഡ്രൈവേഴ്സ്
കാഴ്ച, ബ്ലാങ്ങാട് സെന്‍ററില്‍ നിന്നുള്ള തനിമ നൈറ്റിന്‍റെ കാഴ്ച എന്നിവയാണ്
ഇന്നത്തെ പ്രധാന കാഴ്ചകള്‍. നിരവധി വീട്ടുകാഴ്ചകളും ജാറം അങ്കണത്തില്‍
എത്തിച്ചേരും. നേര്‍ച്ചയുടെ പ്രധാന ദിവസമായ നാളെ ചേറ്റുവ റോഡിന്‍റെ സമീപത്ത്
നിന്നും രാവിലെ 8.30ന് രിഫായി കമ്മിറ്റിയുടെ താബൂത്ത് കാഴ്ച പുറപ്പെടും. താബൂത്ത്
കാഴ്ച 12 മണിക്ക് ജാറം അങ്കണത്തില്‍ എത്തിയാല്‍ ബ്ലാങ്ങാട് ബീച്ച്,
പുത്തന്‍കടപ്പുറം, ബ്ലാങ്ങാട് ബീച്ച്, ചാവക്കാട് വഞ്ചിക്കടവ് എന്നിവടങ്ങളില്‍
നിന്നും വരുന്ന കൊടിയേറ്റ കാഴ്ചകള്‍ ജാറം അങ്കണത്തില്‍ പ്രവേശിക്കുകയും
താണിയിലും മറ്റും കയറ്റും. തുടര്‍ന്ന്‍ ചന്ദനക്കുടങ്ങളില്‍ കൊണ്ടുവരുന്ന
ശര്‍ക്കര വെള്ളം വിതരണം നടത്തും. ഉച്ചതിരിഞ്ഞ് വിവിധ ഭാഗങ്ങളില്‍ നിന്നായി
നാട്ടുകാഴ്ചകള്‍ ആറുമണിക്ക് പള്ളിയങ്കണത്തില്‍ എത്തും. നൂറുകണക്കിന് വാദ്യ
കാലാകാര്‍ന്മാര്‍ അണിനിരക്കുന്ന ശിങ്കാരിമേളം, ബാന്‍റ്, നാദസ്വരം, പഞ്ചവാദ്യം,
തെയാണ്ടി മേളം എന്നിവ ഇത്തവണ കാഴ്ചക്ക് ചാരുത പകരും. ചാവക്കാട് വിസ്മയ കാഴ്ച,
മണത്തല വൈറ്റ് ആര്‍മി കാഴ്ച, മിറാക്കില്‍ കാഴ്ച, മണത്തല ബ്ലോക്ക് ഗയ്സിന്‍റെ
മൊഞ്ചേറും കാഴ്ച, അയിനിപ്പുള്ളി ചാലന്ചെഴ്സ് വര്‍ണ്ണമഴ, ബേബിറോഡ് യൂത്ത് പവര്‍
ന്‍റെ ത്രിവര്‍ണ്ണ കാഴ്ച, തിരുവത്ര അരേബിയന്‍ കാഴ്ച, തിരുവത്ര ലാസിയോ നക്ഷത്ര
സന്ധ്യ, ചാവക്കാട് ലങ്കര്‍ കാഴ്ച, ബീച്ച് എച്ച് എം സി ഗ്രൂപ്പിന്‍റെ കാഴ്ച
എന്നിവയാണ് നാളത്തെ പ്രധാന കാഴ്ചകള്‍. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന മഹാ കാഴ്ച
തിങ്കളാഴ്ച പുലര്‍ച്ച നാലിനാണ് ജാറം അങ്കണത്തില്‍ എത്തുക.
|