posted on 27 April 2015 ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി പുതിയേടത്ത് സവാഹീറിനെ വധിച്ച സംഭവം
സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കക്ഷിനേതാക്കളുടെ നേതൃത്വത്തില്‍
നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്ക്കരിച്ചു. ഏപ്രില്‍ 2ന് എടക്കഴിയൂരില്‍
ഭാര്യവീട്ടില്‍ താമസിക്കുകയായിരുന്ന സവാഹിറിനെ (28) ബൈക്കുമായി ചെന്ന് കടപ്പുറത്തെ
മദ്യവിരുന്നില്‍ പങ്കെടുപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ആരോപണ വിധേയായ
യുവതിയുടെ വീട്ടിലെത്തിച്ച് അവിഹിത ബന്ധത്തിനെത്തിയതാണെന്ന്
വരുത്തിത്തീര്‍ത്ത് അടിച്ചു കൊലപ്പെടുത്തിയതിനു പിന്നിലെ ഗൂഢാലോചന
അന്വേഷിക്കാന്‍ ലോക്കല്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് യോഗം വിലയിരുത്തി.
സംഭവത്തിനു പിന്നില്‍ സവാഹിറിന്റെ ബന്ധുക്കള്‍ക്കുള്ള ദുരൂഹത നീക്കാനും
പൊലീസിനു കഴിഞ്ഞിട്ടില്ല. കടപ്പുറത്ത് മദ്യ സല്‍ക്കാരത്തില്‍ 12 ഓളം
യുവാക്കളുണ്ടായിരുന്നതായി പറയപ്പെടുന്നു. സല്‍ക്കാരത്തിനിടിയില്‍ സവാഹിര്‍
ഇപ്പോള്‍ റിമാന്റിലുള്ള പ്രതികളിലൊരാളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നതായി
പോലീസ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തിനു ശേഷം സവാഹിര്‍ ആരുടെ കൂടെയാണ് പോയതെന്ന്
ചോദിച്ചറിയാന്‍ പോലീസ് ശ്രമിച്ചിട്ടില്ല. സംഭവത്തില്‍ 6 പേര്‍ പ്രതികളാണെന്ന്
പറയുന്നുണ്ടെങ്കിലും രണ്ട് പേരെ ഇതുവരെ അറസ്റ്റ് ചെയ്യാനും പൊലീസിനു
കഴിഞ്ഞിട്ടില്ല. ഈ പ്രതികളിലൊരാള്‍ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്.
സവാഹിര്‍ വധിക്കപ്പെട്ട ദിവസം പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്
അന്വേഷണം നടത്തിയാല്‍ ഗൂഢാലോചന പുറത്ത് വരുമെന്ന് സവാഹിറിന്റെ സഹോദരന്‍
സക്കീര്‍ പലവട്ടം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ ആ
വഴിയില്‍ നീങ്ങിയില്ല. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക ടീമിലെ നിയോഗിച്ച് സംഭവം
സമഗ്രമായി അന്വേഷിക്കാനാവശ്യപ്പെട്ട് ആക് ഷന്‍ കൗണ്‍സില്‍
രുപവത്ക്കരിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പി.എം റഹീമിന്റെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ഷണ്‍മുഖന്‍
വൈദ്യര്‍, സി.പി.ഐ നിയോജകമണ്ഡലം സെക്രട്ടറി അഡ്വ.പി മുഹമ്മദ് ബഷീര്‍, സി.പി.എം
കടപ്പുറം ലോക്കല്‍ സെക്രട്ടറി കെ.വി അഷറഫ്, സി.പി.ഐ കടപ്പുറം ലോക്കല്‍ സെക്രട്ടറി എ.കെ
അര്‍ജുനന്‍, പി.എം നൗഷാദ (ഐ.എന്‍.എല്‍), ഇബ്രാഹിം പുളിക്കല്‍ (എസ്.ഡി.പി.ഐ), കെ.കെ അന്‍സാര്‍,
പി.എം സക്കീര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി അഡ്വ.പി മുഹമ്മദ് ബഷീര്‍
(ചെയര്‍മാന്‍), ഇബ്രാഹിം പുളിക്കല്‍, പി.സി അബൂബക്കര്‍ (വൈസ് ചെയര്‍മാന്‍മാര്‍),
ഷണ്‍മുഖന്‍ വൈദ്യര്‍ (ജന.കണ്‍വീനര്‍), പി.എം നൗഷാദ്, അബ്ദുല്‍ വാജിദ് (ജോ.കണ്‍), ആര്‍.പി
അഷറഫ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.. |