banner1banner2banner3banner4banner5banner7
Ad-here
banner6

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

23-11-2014 Sunday

ചാവക്കാട്‌ ഉത്സവപ്രതീതിയില്‍

posted on 23 November 2014
23-11-14 mela ചാവക്കാട് : പുഷ്പോത്സവത്തിന്  അഭൂതപൂര്‍വമായ തിരക്ക്‌. ഞായറാഴ്ച അവധിദിവസം ചിലവഴിക്കാന്‍ നാട്ടുകാര്‍ കുടുംബത്തോടൊപ്പം പുഷ്പോത്സവത്തിനു ഇറങ്ങിയതോടെ ചാവക്കാട്‌ നഗരസഭാ സ്റ്റേഡിയം ഗ്രൌണ്ട് ഉത്സവപ്രതീതിയിലായി. നഗരത്തില്‍ ഗതാഗതക്കുരുക്കഴിക്കാന്‍ പോലീസ്‌ നന്നേ പാട് പെട്ടു.
ചാവക്കാട് നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച  പുഷ്പഫലകാര്‍ഷികഗൃഹോപകരണഭക്ഷ്യ മേള  ചാവക്കാടിന് പുത്തന്‍ അനുഭവമാവുകയാണ്. ദിനംപ്രതി നൂറ് കണക്കിനാളുകളാണ്  മേള സന്ദര്‍ശ്ശിക്കാനെത്തുന്നത്. മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നംവംബര്‍ 15നാണ് മേള ആരംഭിച്ചത്‌.  ഇത്തരത്തിലൊരു മേള ചാവക്കാട് ആദ്യമായാണ് നടക്കുന്നത്. 60000 ചതുരശ്ര അടിയില്‍ തീര്‍ത്ത പടുകൂറ്റന്‍ പവലിയനിലാണ് പുഷ്പമേള. കേരളത്തില്‍ നിന്നും പൂനെ, ബാംഗ്ലൂര്‍, ഊട്ടി എന്നീ അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള പൂക്കളും ചെടികളും പ്രദര്‍ശനത്തിനെത്തുന്നവരെ ആകര്‍ഷിക്കുന്നുണ്ട്. കാശ്മീരി റോസും പൂനെയുടെ മിനിച്വര്‍ റോസും ബംഗളുരുവിന്റെ മെറിഗോള്‍ഡും ജറബറയും ജര്‍മ്മനി, തായ്‌ലാന്‍ഡ് എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ള ഓര്‍ക്കിഡുകളും ബോണ്‍സായി ചെടികളും ചൈനയില്‍ നിന്നുമുള്ള ലക്കി പ്ലാന്റുകളും തായ്‌ലെന്‍ഡിന്റെ ബേര്‍ എന്ന ആപ്പിളും ഒരു വര്‍ഷംകൊണ്ട് രണ്ടടി വളര്‍ച്ച എത്തുമ്പോള്‍ തന്നെ കായ്ക്കുന്ന കീമോസവായ് എന്ന മാവും മധുരമുള്ള അമ്പഴവും,  ഒരൊറ്റ തയ്യില്‍ പത്തുതരം മാമ്പഴമുണ്ടാകുന്ന  രാവണന്‍ മാവും  ഫ്ലവര്‍ ഷോയ്ക്ക് കൗതുകക്കാഴ്ച്ച യൊരുക്കുന്നു . ആഴക്കടലിന്റെ അഗാധങ്ങളിലെ വിസ്മയക്കാഴ്ചയുമായി 150 ല്‍പരം അലങ്കാര മത്സ്യങ്ങളും 10 മിനിട്ടുകൊണ്ട് മനുഷ്യ ശരീരം തിന്നു തീര്‍ക്കുന്ന 'പിരാനയും 'ചീങ്കണ്ണിയുടെ രൂപസാദൃശ്യമുള്ള 'എലിഗേറ്റര്‍' ഫിഷും ഗ്രോസ്റ്റ് ഫിഷും അക്വാഷോയ്ക്ക് മാറ്റുകൂട്ടും. സുനാമിപോലുള്ള പ്രകൃതിദുരന്തങ്ങളെ തിരിച്ചറിയാന്‍ കഴിവുള്ള ഗോള്‍ഡ് പെസന്റും സില്‍വര്‍ പെസന്റും റിങ് നെക്ക് പെസന്റും 2000ല്‍ പരം വാക്കുകള്‍ അനുകരിക്കാന്‍ കഴിവുള്ള ആഫ്രിക്കയുടെ ഗ്രേ പാരറ്റും സൗഹൃദ സംസാര പ്രിയരായ അമേരിക്കയുടെ ചാറ്റിങ് ലോറി എന്ന ചുവന്ന തത്തയും ഏഴ് നിറങ്ങളിലുള്ള തത്തകളുടെ രാജ്ഞിയും 4 ലക്ഷം രൂപ വിലമതിക്കുന്ന ആഫ്രിക്കയുടെ മെക്കാമോ തത്തയും കരിങ്കോഴി മുതല്‍ മണക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ കഴിവുള്ള എമുകോഴിയും അലങ്കാര കോഴികളും 15ല്‍ പരം വിദേശരാജ്യങ്ങളില്‍ നിന്നും വന്നിട്ടുള്ള പ്രാവുകളും റഷ്യന്‍ പൂച്ചകളും നായ്ക്കളും സിറിയന്‍ ഹാമസ്റ്ററും രാജസ്ഥാന്റെ തലയെടുപ്പുള്ള ജംനാപ്യാരി ആടുകളും മാര്‍വാടി കുതിരകളും ഒട്ടകവും ഒട്ടക സഫാരിയും പ്രദര്‍ശനത്തിലുണ്ട്. ഗൃഹോപകരണ പ്രദര്‍ശനവും കേരളത്തില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള അനേകം കമ്പനികളുടെ ഉത്പന്നങ്ങളുടെ വിപണനവും പവലിയനിലുണ്ട്. പലസാധനങ്ങളും ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്നതിനേക്കാള്‍ വന്‍വിലകുറവില്‍ മേളയില്‍ ലഭിക്കുന്നത് ജനങ്ങള്‍ക്ക് ആശ്വാസമാകുന്നുണ്ട്. രുചിക്കൂട്ടുമായി നാടന്‍ തട്ടുകടയും മൈസൂര്‍ മുളകുബജിയും വൈവിധ്യങ്ങളായ 10 തരം ഐസ്‌ക്രീമുകളും രുചിയുടെ മായാപ്രപഞ്ച മൊരുക്കുന്നു.  കുതിരസവാരി കുട്ടികള്‍ക്ക്‌ ആവേശമാകുന്നുണ്ട്. . എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി ടി എഫ് എ ഉം ചാവക്കാട്‌  നഗരസഭയും ചേര്‍ന്നാണ്  മേള ഒരുക്കിയിരിക്കുന്നത്. മേള നവംബര്‍ 30 വരെ തുടരും.