ചാവക്കാട്:
ഗുണ്ട് പൊട്ടി പത്തുവയസ്സുകാരന്‍റെ കൈപ്പത്തിയറ്റു. തൊഴിയൂര്‍ വൈശ്യംവീട്ടില്‍
മുഹമ്മദലിയുടെ മകന്‍ ഷഹനാ(10)സിന്‍റെ വലതു കൈപ്പത്തിയാണ് അറ്റുപോയത്. തൊഴിയൂര്‍
പാലിശ്ശേരി മദ്രസ്സയിലെ ഒന്നാം ക്ലാസ്സ് വിദ്യാര്‍ഥിയായ ഷഹനാസ് ഇന്ന്
(തിങ്കളാഴ്ച) രാവിലെ 9.30ന് മദ്രസ്സയിലെ ഇടവേളയില്‍ ചായകുടിക്കുന്നതിനായി
കൂട്ടുകാരോടൊത്ത് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. തൊഴിയൂര്‍ ചിറക്കല്‍ ഭഗവതി
ക്ഷേത്രത്തില്‍ ഞായറാഴ്ച നടന്ന വെടിക്കെട്ടിന്‍റെ അവശിഷ്ടങ്ങളില്‍
പുകഉയരുന്നത്കണ്ട കുട്ടികള്‍ പരിസരത്തേക്ക് പോയി കൈകൊണ്ടു തോണ്ടിയപ്പോള്‍
ഗുണ്ട് പൊട്ടിത്തെറിക്കുകയായിരുന്നു. ഗുണ്ടിന്‍റെ ശബ്ദവും കുട്ടികളുടെ
നിലവിളിയും കേട്ട് ഓടിക്കൂടിയ നാട്ടുകാരും തൊഴിയൂര്‍ ലൈഫ്‌കെയര്‍
പ്രവര്‍ത്തകരും ചേര്‍ന്ന് മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍
പ്രവേശിപ്പിക്കുകയായിരുന്നു. ഇരുകൈകാലുകളിലും ഗുരുതരാമായ പരിക്കേറ്റ ഷഹനാസിനെ
തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചു. വലത്തെ
കൈപത്തി തുന്നിച്ചേര്‍ക്കാനാവാത്തവിധം ചിന്നിചിതറിയെന്നും ശസ്ത്രക്രിയയിലൂടെ
കൈപ്പത്തി നീക്കംചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വൈശേരി സ്കൂളിലെ
നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷഹനാസ്. വെടിക്കെട്ടിന് ശേഷം കരിമരുന്ന്
അശ്രദ്ധമായി ഉപേക്ഷിച്ചവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന്
സന്‍സ്കാര്‍ ഇന്ത്യ ഗുരുവായൂര്‍ ചാപ്റ്റര്‍ സെക്രട്ടറി സതീഷ് ബ്രഹ്മുകുളം
ആവശ്യപ്പെട്ടു. |