ഗുരുവായൂര്‍: നാടിന്‍റെ
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുവര്‍ണ മുഹൂര്‍ത്തങ്ങള്‍
രംഗത്തവതരിപ്പിക്കാന്‍ അമ്പതിലധികം വരുന്ന വിദ്യാര്‍ഥികളുടെ നാടക സംഘം
ഒരുങ്ങുന്നു. ഗുരുവായൂര്‍ നഗരസഭ വിദ്യാര്‍ഥികള്‍ക്കായി നടത്തി വരുന്ന നാടക
ശില്പശാലയിലാണ് കുട്ടികള്‍ നാടകാവതരണത്തിന് ഒരുങ്ങുന്നത്.
'സ്മൃതിമണ്ഡപങ്ങളിലൂടെ', 'ആകാശം വിഷമഴ പെയ്യുമ്പോള്‍' എന്നീ നാടങ്ങളാണ്
കുട്ടികള്‍ അരങ്ങിലവതരിപ്പിക്കുവാന്‍ പരിശീലിക്കുന്നത്. ഒന്നാം സ്വാതന്ത്ര്യ
സമരം, ജാലിയന്‍വാലാബാഗ്, ഉദ്ധംസിങിന്‍റെ വിചാരണ, ഭഗത് സിങിന്‍റെ വധം, സുഭാഷ്
ചന്ദ്രബോസിന്‍റെ പങ്ക്, നവഖാലിയിലെ വര്‍ഗീയ കലാപങ്ങള്‍, വര്‍ഗീയ ശക്തികള്‍
ഗാന്ധിയെ വധിക്കുന്നത് എന്നിവയെല്ലാമാണ് സ്മൃതിമണ്ഡപങ്ങളിലൂടെ എന്ന
നാടകത്തില്‍ രംഗത്തവതരിപ്പിക്കുന്നത്. എന്‍ഡോസള്‍ഫാനാണ് രണ്ടാമത്തെ നാടകത്തിലെ
വിഷയം. നഗരസഭയിലെ സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുത്ത കുട്ടികളാണ് ക്യാമ്പില്‍
പങ്കെടുക്കുന്നത്. ക്യാമ്പ് കോഓര്‍ഡിനേറ്റര്‍ എ സായിനാഥന്‍, കണ്‍വീനര്‍ കെ വി
ഫാത്തിമ, പെരിഞ്ഞനം പി കെ വാസു, അനില്‍ പറക്കാട്, ഇ എസ് സുധീഷ്, വീണ നായര്‍ എന്നിവരാണ്
ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. അഞ്ച് ദിവസങ്ങളിലായി നഗരസഭ ലൈബ്രറി ഹാളില്‍
നടക്കുന്ന ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും. |