15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

17-01-2016 Sunday

ഏഷ്യയിലെ ആദ്യ മുസ്ലിം വനിതാ സന്‍സായ് ചാവക്കാട്ടുകാരി

posted on 17 January 2016
17-01-16 aneesha 1ചാവക്കാട്: കരാട്ടേ ആയോധനകലയില്‍ തേര്‍ഡ് ഡാന്‍ ബ്ലാക്ക് ബെല്‍റ്റ്‌ നേടി സന്‍സായ് (മാസ്റ്റര്‍) പദവിയിലെത്തിയ ഏഷ്യയിലെ ആദ്യ മുസ്ലിം വനിത ചാവക്കാട് തിരുവത്ര സ്വദേശി ഇരുപതുകാരി അനീഷ. 2016 ജനുവരി 10 നാണ് ഷോട്ടോകാന്‍ (JSKA) ചീഫ് ഗോപാലകൃഷ്ണനില്‍ നിന്നും അനീഷ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ഏഷ്യ മുഴുവന്‍ വ്യാപിച്ച് കിടക്കുന്ന ലക്ഷക്കണക്കിന്‌ അംഗങ്ങളുള്ള  JSKA യുടെ ആദ്യ മുസ്ലിം വനിതാ സന്‍സായ് എന്ന സ്ഥാനവുമായി ചരിത്രത്തില്‍ ഇടം പിടിച്ചത്.
നിരവധി തവണ ജില്ലാ, സംസ്ഥാന കരാട്ടേ മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ അനീഷ 2011ല്‍ നടന്ന ഇന്തോ - ശ്രീലങ്ക ഓപ്പണ്‍ കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ എതിരാളികളെ മലര്‍ത്തിയടിച്ച്  ഫൈറ്റിംഗില്‍ ചാമ്പ്യന്‍ പട്ടം നേടിയിട്ടുണ്ട്. വേള്‍ഡ് കരാട്ടേ ഫെഡറേഷന്‍ (wkf)ന്റെ റഫറിയിംഗ് പരീക്ഷ പാസ്സായ അനീഷ ഇതിനകം ജില്ലാ, ദേശീയ കരാട്ടേ മത്സരങ്ങള്‍ക്ക് റഫറിയായിട്ടുണ്ട്.
തിരുവത്ര പാണ്ടികശാലപറമ്പില്‍ പരേതനായ മൊയ്തീന്‍കുട്ടി ആമിനു ദമ്പതികളുടെ രണ്ടുമക്കളില്‍ ഇളയ പുത്രിയാണ് അനീഷ. ചെറുപ്രായത്തില്‍ തന്നെ പിതാവ് മരണപ്പെട്ട അഞ്ചുവയസ്സുകാരി അനീഷയും എഴുവയസ്സുകാരന്‍ സഹോദരന്‍ അന്‍സാറും മാതാവിന്റെ ചിറകില്‍ അമ്മാമന്‍മാരുടെയും ബന്ധുക്കളുടെയും തണലിലാണ് വളര്‍ന്നത്.
സഹോദരന്‍ അന്‍സാര്‍ കരാട്ടേ ക്ലാസ്സിനു പോവുകയും വീട്ടില്‍ വന്നു പ്രാക്ടീസ് നടത്തുകയും ചെയ്യാറുണ്ട്. ഇത് കണ്ടാണ്‌ അനീഷക്ക് ആയോധനകലയില്‍ താത്പര്യമുണ്ടായത്. തുടര്‍ന്ന് പതിനൊന്നാം വയസ്സില്‍ ജപ്പാന്‍ ഷോട്ടോകാന്‍ കരാട്ടെ അസോസിയേഷന്റെ കീഴിലുള്ള ഡ്രാഗണ്‍ കരാട്ടേ ക്ലബിന്റെ തിരുവത്രയിലുള്ള ഡോജോ(ക്ലാസ് )യില്‍ ചേര്‍ന്ന് സന്‍സായ് മുഹമ്മദ്‌ സ്വാലിഹിന്റെ ശിക്ഷണത്തില്‍ കരാട്ടേ പഠനം ആരംഭിച്ചു.
കൂടെ പഠിച്ചിരുന്നവരും പഠിപ്പിച്ചിരുന്നവരും പാതിവഴിയില്‍ നിര്‍ത്തുകയോ അലസരാവുകയോ ചെയ്തപ്പോഴും അനീഷ ആയോധനകലയില്‍ തന്റെ പ്രാവീണ്യം തെളിയിക്കുകയും ഉയരങ്ങള്‍ കീഴടക്കുകയും ചെയ്തു. ആദ്യകാലങ്ങളില്‍ തന്റെ ഗുരുവായിരുന്നവര്‍ ഇപ്പോഴും സമ്പായ് (ഇന്‍സ്ട്രക്ടര്‍) ആയി തന്നെ നില്‍ക്കെ  അവരെയെല്ലാം മറികടന്ന് സന്‍സായ് പദവിയിലെത്തിയതിലൂടെ അയോധനകലയോടുള്ള അനീഷയുടെ അഭിനിവേശവും നിശ്ചയദാര്‍ഢ്യവുമാണ് പ്രകടമാകുന്നത്.
പത്താം ക്ലാസ് വരെ ചാവക്കാട് ഐ ഡി സി സ്കൂളിലും, ഹയര്‍സെക്കന്‍ഡറി പഠനം എടക്കഴിയൂര്‍ സീതി സാഹിബ് സ്കൂളിലുമായാണ് പൂര്‍ത്തീകരിച്ചത്. സൈക്കോളജിയില്‍ ഡിഗ്രി ചെയ്യാനുള്ള അനീഷയുടെ മോഹം  കോളേജ് അധികൃതരുടെ അനാസ്ഥയും പിടിപ്പുകേടും മൂലം പാതിവഴിയില്‍ മുടങ്ങിക്കിടക്കുകയാണ്. ഇപ്പോള്‍ ഇന്‍ഡീരിയര്‍ ഡിസൈനര്‍ വിദ്യാര്‍ഥിയായ അനീഷ പൊന്നാനി എം ഐ, തൊഴിയൂര്‍  റഹ്മത്ത്, എടക്കഴിയൂര്‍ സീതിസാഹിബ് എന്നീ സ്കൂളുകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് ആയോധനകലയില്‍ പരിശീലനം നല്‍കുന്നുണ്ട്.
മാസങ്ങള്‍ക്ക് മുന്‍പാണ് അനീഷയുടെ നിക്കാഹ് കഴിഞ്ഞത്. ബ്രഹ്മകുളം സ്വദേശി ഭര്‍ത്താവ് നിഹാസിന്റെ പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവുമാണ്  ഊട്ടിയില്‍ നടന്ന തേര്‍ഡ് ഡാന്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ അനീഷക്ക് പ്രചോദനമായത്.
സ്ത്രീകള്‍ക്ക് പഠിക്കുവാന്‍ സുരക്ഷിതമായ ക്ലാസുകള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കളരി, ജൂഡോ, തായ് ബോക്സിംഗ് തുടങ്ങിയ ഇതര ആയോധനകലകള്‍ പഠിക്കാന്‍ കഴിയാത്തതിലുള്ള ദുഃഖം അനീഷ ചാവക്കാട്ഓണ്‍ലൈന്‍ ലേഖകനുമായി പങ്കുവച്ചു.
മാര്‍ഷ്യല്‍ ആര്‍ട്സ് പഠനം ശരീരത്തിനും മനസ്സിനും ഗുണം ചെയ്യുമെന്നും ഏകാഗ്രത വര്‍ദ്ധിക്കുന്നത്തിലൂടെ പഠനത്തില്‍ മികവ് പുലര്‍ത്താന്‍ വിദ്യാര്‍ഥികള്‍ക്കാകുമെന്നും സ്വന്തം അനുഭവത്തിലൂടെ ബോധ്യമായിട്ടുണ്ടെന്ന് അനീഷ പറഞ്ഞു.
ശബ്ദമുയര്‍ത്തലാണ് ഏറ്റവും നല്ല രക്ഷാമാര്‍ഗ്ഗം എന്ന് സ്ത്രീകളെ അനീഷ ഉണര്‍ത്തുന്നു. അപകട സന്ദര്‍ഭങ്ങളില്‍ മൌനം പാലിക്കാതെ ശബ്ദം ഉയര്‍ത്താന്‍ കഴിയുന്നതാണ് സ്ത്രീകള്‍ക്ക് മറ്റുള്ളവരുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം.  സമൂഹത്തെ കുറിച്ച ഉത്തമ ബോധത്തോടെയുള്ള വസ്ത്ര ധാരണം, യാത്ര, സമയം, സൗഹൃദം എന്നിവയിലുള്ള ജാഗ്രതയാണ്  ഏറ്റവും നല്ല പ്രതിരോധമെന്ന് സ്ത്രീകള്‍ക്കുള്ള സന്ദേശത്തെ കുറിച്ച ചോദ്യത്തിനു മറുപടിയായി അവര്‍ പറഞ്ഞു..

17-01-16 aneesha and ma

അനീഷയും ഉമ്മയും

< <