15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+chavakkadonline T V

home iconHome

07-10-2015 Wednesday

പുന്നയൂര്‍ക്കുളത്ത് വിമതര്‍ക്ക് മുന്നില്‍ ലീഗ് മുട്ടുമടക്കി

Posted on: 07 October 2015
പുന്നയൂര്‍ക്കുളം: വിഭാഗീയത ശക്തമായ പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ മുസ്ലിം ലീഗ് ഒടുവില്‍ നേതൃത്വ സ്ഥാനങ്ങള്‍ നല്‍കി വിമതര്‍ക്ക് മുന്നില്‍ മുട്ടുമടക്കി. നിലവിലെ പഞ്ചായത്ത് കമ്മറ്റിയില്‍ നിന്നും സെക്രടറി കുഞ്ഞവറു മാഷിനെ രാജിവെപ്പിച്ചാണ് വിമത നേതാവ് വി.കെ.യൂസഫിന് സെക്രടറി സ്ഥാനം നല്‍കിയത്. കഴിഞ്ഞ ദിവസം അണ്ടത്തോട് വിമത നേതാവ് വി.കെ.യൂസഫിന്‍റെ വസതിയില്‍ ചേര്‍ന്ന മുസ്ലിം ലീഗ് പുന്നയൂര്‍ക്കുളം പഞ്ചായത്ത്‌ കണ്‍വെന്‍ഷെനിലാണ് മുന്‍ധാരണ പ്രകാരം കുഞ്ഞവറു മാഷ് സ്ഥാനം രാജിവെച്ചത്. നേതൃത്വത്തിന്‍റെ ഈ തീരുമാനത്തിനെതിരെ യൂത്ത് ലീഗിനുള്ളില്‍ പ്രതിഷേധം ശക്തമായി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു വര്‍ഷം മുന്‍പാണ് മുസ്ലിം ലീഗ് മുന്‍ പഞ്ചായത്ത്‌ ഭാരവാഹികളായിരുന്ന വി.കെ.യൂസഫ്‌, അഹമ്മദ്‌ മുഹ്യുദീന്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷന്‍ സംബന്ധിച്ച വാര്‍ത്തയും കോഴിക്കോട് ലീഗ് ഓഫീസില്‍ നിന്നും പാര്‍ട്ടി മുഖപത്രമായ ചന്ദ്രികയില്‍ നല്‍കിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം സസ്പെന്‍ഷന്‍ പിന്‍വലിച്ചത് സംബന്ധിച്ച  വാര്‍ത്തയും വിമതര്‍ക്ക് വഴങ്ങി കോഴിക്കോട് ഓഫീസില്‍ നിന്നും ചന്ദ്രിക പത്രത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. വി കെ യൂസഫ്‌, അഹമ്മദ്‌ മുഹ്യുദീന്‍ എന്നിവരെ പാര്‍ട്ടി തിരിച്ചെടുത്തുവെങ്കിലും അകാരണമായ നടപടി എന്നാരോപിച്ച് ഓര്‍മ്മ വിഭാഗകാരനായിരുന്ന എ.കെ.മൊയ്തുണിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പരസ്യമായി ലീഗിനെതിരെ രംഗത്ത് വന്നു. ഇവര്‍ യോഗം കൂടി സമാന്തര കമ്മറ്റിയും രൂപികരിച്ചു പ്രവര്‍ത്തനം തുടങ്ങി. വരുന്ന പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ പുന്നയൂര്‍ക്കുളം ജനകീയ സമിതിയുമായി സഹകരിച്ച് ലീഗിനെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തനായിരുന്നു വിമതരുടെ തീരുമാനം. ഈ സാഹചര്യത്തില്‍ മുസ്ലിം ലീഗ് ജില്ലാ, സംസ്ഥാന നേതൃത്വം ഇടപെട്ട്‌ വിമതരുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കുകയായിരുന്നു. ധാരണ പ്രകാരം പഞ്ചായത്ത്‌ ജനറല്‍ സെക്രടറി സ്ഥാനത്തിന് പുറമേ പുന്നയൂര്‍ക്കുളം ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ചെയര്‍മാനായി അഹമ്മദ് മുഹ്യുദീനെ യോഗത്തില്‍ തിരഞ്ഞെടുത്തു. വിമത വിഭാഗം ആവശ്യപ്പെട്ടിട്ടുള്ള യൂത്ത് ലീഗ് പഞ്ചായത്ത്‌ സെക്രടറി സ്ഥാനം അടക്കമുള്ള മറ്റു സ്ഥാനങ്ങളും   വരും ദിവസങ്ങളില്‍ ഔദ്യോഗിക വിഭാഗം വിട്ടുനല്‍കിയേക്കും. എ.കെ.മൊയ്തുണ്ണിയുടെ നേതൃത്വത്തിലുള്ള വിമതപക്ഷത്തിന് തീരദേശ മേഖലയിലുള്ള ജനപിന്തുണയും പുന്നയൂര്‍ക്കുളത്തെ ലീഗ്-കോണ്‍ഗ്രസ്‌ ബന്ധത്തിലെ വിള്ളലും പഞ്ചായത്ത്‌ തിരഞ്ഞെടുപ്പില്‍ ലീഗിന് കനത്ത പരാജയം ഉണ്ടാക്കുമെന്ന തിരിച്ചറിവാണ് ഔദ്യോഗിക നേതൃത്വം വിമതര്‍ക്ക് വഴങ്ങാന്‍ കാരണമായത്.
മുസ്ലിം ലീഗ് പഞ്ചായത്ത്‌ കണ്‍വെന്‍ഷന്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്‌ കുട്ടിഅഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ്‌ ചാലില്‍ അധ്യക്ഷത വഹിച്ചു. സനൗഫല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രടറി ഇ പി ഖമറുദ്ധീന്‍, മണ്ഡലം പ്രസിഡന്റ്‌ ആര്‍ വി അബ്ദുല്‍റഹീം, ജില്ലാ പഞ്ചായത്തംഗം ആര്‍ പി ബഷീര്‍, എ കെ മൊയ്തുണി, വി കെ മുഹമ്മദ്‌, സി എം ഗഫൂര്‍, കുഞ്ഞവറു മാഷ്, വി കെ യൂസഫ്‌ എന്നിവര്‍ സംസാരിച്ചു.