15th anniversary logo
mehnadi
onlinelogo
online txt

if you have any problem to read for Pc click here for Mac click here

www.chavakkadonline.com

archive

since 1999

chavakkadonline friends bookchavakkadonline g+ chavakkadonline T V

home iconHome

07-02-16 Sunday

താലൂക്ക് വികസന സമിതി യോഗം.
പുറംമ്പോക്ക് ഭൂമി കയ്യേറ്റത്തിനെതിരെ രൂക്ഷ വിമര്‍ശം

posted on 07 February 2016
ചാവക്കാട്: സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി വീടു നിര്‍മ്മിച്ച വീടുകള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കാനുള്ള പുന്നയൂര്‍ പഞ്ചായത്ത് ജനപ്രതിനിധികളുടെ തീരുമാനത്തിനെതിരെ താലൂക്ക് വികസന സമിതിയോഗത്തില്‍ അംഗങ്ങളുടെ രൂക്ഷ വിമര്‍ശം.
സര്‍ക്കാര്‍ അധീനതയിലുള്ള കടലോരത്തെ ഭൂമി കയ്യേറി അനധികൃതമായി വീടുവെക്കുന്നവര്‍ക്ക് കെട്ടിട നമ്പര്‍ നല്‍കാന്‍ തീരുമാനിച്ച പുന്നയൂര്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ നടപടി ന്യായീകരിക്കാനാവില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത മുസ്ലിം ലീഗ് പ്രതിനിധി മന്ദലാംകുന്ന് മുഹമ്മദുണ്ണി, എന്‍.സി.പി പ്രതിനിധി എം.കെ.ഷംസുദ്ദീന്‍ എന്നിവര്‍ പറഞ്ഞു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥയെ പുല്ലുവില കല്‍പ്പിക്കാതെയാണ് പഞ്ചായത്ത് അധികാരികള്‍ പുറംമ്പോക്ക് കയ്യേറ്റത്തിന് കൂട്ട് നില്‍ക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. കടലോരത്തെ മത്സ്യതൊഴിലാളികള്‍ക്കായി  സര്‍ക്കാര്‍ മുമ്പ് ഇറക്കിയ ഉത്തരവ് ദുരുപയോഗിക്കുകയാണെന്നും ഇവര്‍ ആക്ഷേപമുന്നയിച്ചു. മേഖലയില്‍ സ്വന്തമായി ഭൂമിയും വീടുമുള്ളവരാണ് തീരഭൂമി കയ്യേറി വീടുവെക്കുന്നതും പിന്നീട് ഇത് വന്‍ വിലക്ക്  മറിച്ച് വില്‍ക്കുകയും ചെയ്യുന്നതെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു.
താലൂക്കിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് എം കെ ഷംസുദ്ദീന്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ വില്ലേജ് ഓഫീസുകളില്‍ നിന്ന് കിട്ടേണ്ട രേഖകള്‍ യഥാസമയം ലഭിക്കാതെ ജനങ്ങള്‍ വലയുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധന കാര്യക്ഷമമാക്കണമെന്ന് ലാസര്‍ പേരകം ആവശ്യപ്പെട്ടു. പല ഹോട്ടലുകളും അമിതമായ അളവില്‍ അജിനോമോട്ടോ ഉപയോഗിക്കുന്നുണ്ടേന്ന് അദ്ദേഹം പറഞ്ഞു. പൂക്കുളം കുടിവെള്ള പദ്ധതി നടപ്പാക്കുന്നത് വരെ അവിടെ മത്സ്യകൃഷി നടത്തണമെന്നും ലാസര്‍ പേരകം ആവശ്യപ്പെട്ടു. ഏനാമാവ് വളയം ബണ്ട് നിര്‍മ്മാണത്തിന് സ്ഥിരം സംവിധാനം വേണമെന്ന് തോമസ് ചിറമ്മല്‍ ആവശ്യപ്പെട്ടു. വര്‍ഷം തോറും താല്‍ക്കാലികമായി ബണ്ട് നിര്‍മ്മിച്ച് ലക്ഷങ്ങള്‍ കായലില്‍ കലക്കുന്ന ഏര്‍പ്പാടിന് അന്ത്യം വേണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വേനല്‍ അടുത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. ഇത് കണക്കിലെടുത്ത് പൊതുകിണറുകള്‍ ശുചീകരിച്ച് ഉപയോഗപ്പെടുത്തണം. പുതുതായി നിര്‍മ്മിക്കുന്ന റോഡുകളുടെ തുടര്‍ പരിപാലനവും ഗ്രന്ധശാലകളുടെ അറ്റകുറ്റപ്പണികളും തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം തുടങ്ങീ ആവശ്യങ്ങളും തോമസ് ചിറമ്മല്‍ ഉന്നയിച്ചു. മമ്മിയൂര്‍ മുതല്‍ പടിഞ്ഞാറേ നട വരെയുള്ള റോഡിലെ അനധികൃത പാര്‍ക്കിങ് ഒഴിവാക്കി റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ടി.പി.ഷാഹു ആവശ്യപ്പെട്ടു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത് അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ വി.എ.മുഹമ്മദ് റഫീഖ് സ്വാഗതം പറഞ്ഞു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.എ.അബൂബക്കര്‍ ഹാജി, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 160 പേര്‍ പങ്കെടുക്കേണ്ട താലൂക്ക് വികസന സമിതി യോഗത്തില്‍ 40ല്‍ താഴെ പേര്‍ മാത്രമാണ് ശനിയാഴ്ചയെത്തിയത്. ജനപ്രതിനിധികളേയും വിവിധ സര്‍ക്കാര്‍ വകുപ്പുകളെ പ്രതിനിധീകരിച്ച് യോഗത്തിനെത്തേണ്ട ഉദ്യോഗസ്ഥരേയും വികസന സമിതിയില്‍ പങ്കെടുപ്പിക്കാന്‍ ശക്തമായ നടപടി വേണമെന്ന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് ആവശ്യപ്പെട്ടു.