ചാവക്കാട്:
ചേറ്റുവ ടോള്‍ നിര്‍ത്തലാക്കുക സര്‍ക്കാര്‍ വാക്ക് പാലിക്കുക എന്ന
മുദ്രാവാക്യമുയര്‍ത്തി പിഡിപി നടത്തുന്ന നിരാഹാര സമരം പത്താം ദിവസത്തിലേക്ക്
കടക്കുന്ന ബുധനാഴ്ച തീരദേശ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂര്‍
കോട്ടപ്പുറം മുതല്‍ അണ്ടത്തോട് വരെയുള്ള തീരദേശ മേഖലയിലാണ് ഹര്‍ത്താലിന് ആഹ്വാനം
ചെയ്തിട്ടുള്ളത്. അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപെട്ട പിഡിപി
ജില്ലാ പ്രസിഡന്‍റ ടി എം മജീദ് തൃശൂര്‍ മെഡിക്കല്‍ കോളേജിലും നിരാഹാരം
തുടരുകയാണ്. മജീദിന്‍റെ ജീവന്‍ രക്ഷിക്കുക എന്നാവശ്യപ്പെട്ട് വൈസ്‌ചെയര്‍മാന്‍
കെ ഇ അബ്ദുള്ളയുടെ നേതൃത്വത്തില്‍ പിഡിപി പ്രവര്‍ത്തകര്‍ മെഡിക്കല്‍
കോളെജിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന്‍ ഡെപ്യൂട്ടി കലക്ടര്‍ മേരിക്കുട്ടി
മജീദിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും ഡോക്ടര്‍മാരുമായി ചര്‍ച്ചനടത്തുകയും
ചെയ്തു. ശനിയാഴ്ച മജീദിനെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍
പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് സമരപ്പന്തലില്‍ നിരാഹാരം ആരംഭിച്ച പിഡിപി ജില്ലാ
വൈസ് പ്രസിഡന്‍റ് കെ എസ് ഫിറോസിന്‍റെ രോഗ്യനിലയും വഷളായിക്കൊണ്ടിരിക്കയാണ്.
പിഡിപി സംസ്ഥാന സെക്രട്ടറി ബാബു കൊട്ടാരക്കര, വൈസ് ചെയര്‍മാന്‍ വരക്കല്‍ രാജ്,
കുടിയിറക്ക് വിരുദ്ധ സമിതി ചെയര്‍മാന്‍ ടി എന്‍ സന്തോഷ്, എസ്ഡിപിഐ മണ്ഡലം
പ്രസിഡന്‍റ് അഷറഫ് വടക്കേകാട്, ബെന്നികൊടിയാട്ടില്‍, നസീം പുന്നയൂര്‍, നൗഷാദ്
തെക്കുംപുറം എന്നിവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് അഭിവാദ്യം അര്‍പ്പിച്ചു. |